International
ചരിത്രത്തിൽ യുക്രൈൻ എന്നും ഒരു പോരാട്ടഭൂമിയായിരുന്നു. ഒരു ഭാഗത്ത് റഷ്യ, മറുഭാഗത്ത് യൂറോപ്പ്. അങ്ങനെ ഇരു ശക്തികൾക്കും ഇടയിൽ നൂറ്റാണ്ടുകളായി ഞെരിഞ്ഞമർന്ന ഒരു രാജ്യം. ഒടുവിൽ 1991ൽ സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ യുക്രൈൻ സ്വതന്ത്ര രാജ്യമായി മാറി. എന്നാൽ, ആ സ്വാതന്ത്ര്യം അധികകാലം ശാന്തമായിരുന്നില്ല. 2014ൽ റഷ്യ ക്രൈമിയ പിടിച്ചെടുത്തു. പിന്നീട് 2022 ഫെബ്രുവരിയിൽ, ലോകം ഉറക്കത്തിലായിരിക്കെ, റഷ്യൻ സൈന്യം യുക്രൈനിന്റെ അതിർത്തി കടന്നു. ആ യുദ്ധങ്ങൾ ഇന്നും തുടരുന്നു.
യുദ്ധം തുടങ്ങിയ നാളുകളിൽ യുക്രൈനിന്റെ കൈവശം ഉണ്ടായിരുന്നത് ഒരു ചെറിയ സൈന്യവും പഴകിയ ആയുധങ്ങളും മാത്രമായിരുന്നു. റഷ്യൻ ടാങ്കുകളെ നേരിടാൻ ആർട്ടിലറി ഷെൽ പോലും തികഞ്ഞിരുന്നില്ല. ഈ ആവിശ്യത്തിൽനിന്നാണ്, ആധുനിക യുദ്ധചരിത്രത്തെതന്നെ മാറ്റിമറിക്കാൻ പ്രാപ്തിയുള്ള ആ തീരുമാനം ജനിച്ചത്.
ഡ്രോൺ ഹീറോ
രണ്ടാം ലോകമഹായുദ്ധകാലം മുതൽ സൈനിക ആവശ്യങ്ങൾക്കായി പരീക്ഷിക്കപ്പെട്ടിരുന്ന, പിന്നീട് ദശകങ്ങളോളം ഗവേഷണ ലാബുകളുടെ മൂലയിൽ ഒതുങ്ങിപ്പോയ, ഒടുവിൽ സാധാരണക്കാരുടെ വിനോദോപകരണമായി മാറിയ ആ ചെറിയ യന്ത്രം ഇന്നു ഉക്രെയ്ൻ യുദ്ധഭൂമിയിലെ ഏറ്റവും നിർണായക സാന്നിധ്യമാണ് - ഡ്രോൺ.
2022ൽ യുദ്ധം തുടങ്ങിയതോടെ യുക്രൈൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്കി ഒരു കാര്യം തിരിച്ചറിഞ്ഞു. പടിഞ്ഞാറൻ രാജ്യങ്ങൾ ആയുധവും പണവും നൽകും, പക്ഷേ സൈനികരെ അയയ്ക്കില്ല. അതിനാൽ റഷ്യയുടെ വൻ സൈനിക മേധാവിത്വത്തിനെതിരെ ഉക്രെയ്നു സ്വന്തം വഴി കണ്ടെത്തണം. യുദ്ധം ജയിക്കണമെങ്കിൽ ആകാശം കീഴടക്കണം എന്ന അഭിപ്രായമുള്ള സെലൻസ്കി ഒരു തീരുമാനം എടുത്തു. ഡ്രോൺ ഉത്പാദനം ഒരു ദേശീയ അജൻഡയാക്കി മാറ്റുക.
ഡ്രോൺ തന്ത്രം
എന്നാൽ, യുക്രൈനും ഡ്രോണും തമ്മിലുള്ള ബന്ധം 2022ൽ തുടങ്ങിയതല്ല. 2014ൽ റഷ്യ ക്രൈമിയ പിടിച്ചെടുത്തപ്പോൾ തന്നെ യുക്രൈൻ ഡ്രോൺ സാധ്യതകളെക്കുറിച്ച് ആലോചിക്കാൻ തുടങ്ങിയിരുന്നു. Ukrspecsystems, Deviro തുടങ്ങിയ കമ്പനികൾ ആ കാലത്തു ചെറിയ തോതിൽ നിരീക്ഷണ ഡ്രോണുകൾ നിർമിക്കുന്നുണ്ടായിരുന്നു. പക്ഷേ അന്ന് അത് ഒരു വ്യവസായമായിരുന്നില്ല, ഒരു ചെറിയ തുടക്കം മാത്രമായിരുന്നു. 2022 വരെ ആ തുടക്കം ആരും ഗൗരവമായി എടുത്തിരുന്നില്ല.
2022 ഫെബ്രുവരിക്കു ശേഷം ആ ചിത്രം പൂർണമായും മാറി. ആദ്യ നാളുകളിൽ യുദ്ധക്കളത്തിൽ യുക്രൈൻ ഉപയോഗിച്ചത് തുർക്കിയിൽനിന്നു വാങ്ങിയ Bayraktar TB2 ഡ്രോണുകളായിരുന്നു. ആകാശത്തുനിന്നു റഷ്യൻ ടാങ്കുകളെ കൃത്യതയോടെ തകർക്കുന്ന ആ ദൃശ്യങ്ങൾ ലോകം അമ്പരപ്പോടെ കണ്ടു.
സ്വന്തം ഡ്രോൺ
എന്നാൽ, വാങ്ങിയ ഡ്രോൺകൊണ്ട് ഒരു യുദ്ധം ജയിക്കാനാകില്ല എന്നു മുൻകൂട്ടി കണ്ട യുക്രെയ്ൻ , സ്വന്തം ഡ്രോൺ ഉണ്ടാക്കണമെന്ന ഒരൊറ്റ ലക്ഷ്യത്തിലേക്കു തിരിഞ്ഞു. തുടർന്ന് യുക്രെയ്ൻ സർക്കാർ ഒരു അസാധാരണ നീക്കമാണ് നടത്തിയത്. വലിയ പ്രതിരോധ കമ്പനികൾക്കു മാത്രം ആയുധ നിർമാണം വിട്ടുകൊടുക്കാതെ ചെറുകിട ടെക് സ്റ്റാർട്ടപ്പുകളെയും സർവകലാശാലകളെയും സാധാരണ എൻജിനീയർമാരെയും യുദ്ധത്തിന്റെ ഭാഗമാക്കി. ഗാരേജുകളിലും ചെറിയ വർക്ക്ഷോപ്പുകളിലും പോലും ഡ്രോണുകൾ നിർമിക്കപ്പെട്ടു. വീഡിയോ ഗെയിം കളിച്ചുകൊണ്ട് വളർന്ന ഒരു തലമുറ യഥാർഥ യുദ്ധഭൂമിക്കായി ഡ്രോണുകൾ നിയന്ത്രിക്കാൻ തുടങ്ങി.
ഡ്രോൺ വാഴ്ച
ആ സമയത്താണ് യുക്രൈൻ വിവിധ തരത്തിലുള്ള ഡ്രോണുകളെ യുദ്ധത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നത്. തുടക്കത്തിൽ തുർക്കിയിൽനിന്നു വാങ്ങിയ Bayraktar TB2 ഡ്രോണുകളാണ് റഷ്യൻ ടാങ്കുകൾക്കും സൈനിക വാഹനങ്ങൾക്കും നേരെ കൃത്യമായ ആക്രമണങ്ങൾ നടത്തിയത്. എന്നാൽ, വളരെ വേഗംതന്നെ യുക്രൈൻ ചെലവ് കുറഞ്ഞ ഫസ്റ്റ് പെഴ്സൺ വ്യൂ ഡ്രോണുകളിലേക്കു തിരിഞ്ഞു.
സാധാരണ റേസിംഗ് മത്സരങ്ങൾക്കായി ഉപയോഗിച്ചിരുന്ന ചെറിയ FPV ഡ്രോണുകളിൽ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച് അവയെ പറക്കുന്ന മിസൈലുകളാക്കി മാറ്റി. അതോടൊപ്പം Shark, Leleka, Fury പോലുള്ള നിരീക്ഷണ ഡ്രോണുകൾ റഷ്യൻ സൈനിക നീക്കങ്ങൾ കണ്ടെത്താൻ ഉപയോഗിച്ചു. പിന്നീട് ദൂരപരിധിയേറിയ ബീവർ ഡ്രോണുകളും സമുദ്ര ഡ്രോണുകളും യുദ്ധത്തിന്റെ ഭാഗമായതോടെ റഷ്യയുടെ അതിർത്തിക്കുള്ളിലും കരിങ്കടലിലും വരെ യുക്രൈൻ ആക്രമണശേഷി വ്യാപിച്ചു.
ഈ മുന്നേറ്റത്തിന് പിന്നിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരുകളിൽ ഒന്നാണ് മിഖായ്ലോ ഫെദോറോവ്. യുക്രൈനിന്റെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മന്ത്രിയായ ഫെദോറോവ് യുദ്ധകാലത്ത് “ആർമി ഓഫ് ഡ്രോൺസ്” എന്ന പദ്ധതിക്കു നേതൃത്വം നൽകി. എന്നാൽ, അത് വെറും ഒരു സർക്കാർ പദ്ധതി മാത്രമായിരുന്നില്ല. ഒരു രാജ്യം മുഴുവൻ സാങ്കേതിക യുദ്ധത്തിലേക്ക് മാറിയതിന്റെ പ്രതീകമായിരുന്നു അത്.
ലോകമെമ്പാടുമുള്ള സംഭാവനകൾ ശേഖരിച്ച് ഡ്രോണുകൾ വാങ്ങുകയും അതിനൊപ്പം ആഭ്യന്തര നിർമാണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെയും യുദ്ധത്തിന്റെ ഭാഗമാക്കിയായിരുന്നു ഫെദോറോവിന്റെ പ്രവർത്തനം. സാധാരണ ജനങ്ങളിൽനിന്നു തുടങ്ങി വിദേശ വ്യവസായികളിലേക്കും ടെക് സമൂഹങ്ങളിലേക്കും വരെ സഹായ അഭ്യർഥന എത്തി. ആയിരക്കണക്കിനു ചെറിയ ഡ്രോണുകളും കാമറകളും കമ്യൂണിക്കേഷൻ സംവിധാനങ്ങളും അങ്ങനെ യുക്രൈനിലേക്ക് എത്തി.
പരിശീലനകേന്ദ്രങ്ങൾ
അതേസമയം, സർക്കാർ മറ്റൊരു വലിയ കാര്യം കൂടി മനസിലാക്കിയിരുന്നു. വെറും ഡ്രോൺ വാങ്ങിയാൽ മാത്രം യുദ്ധം ജയിക്കാനാകില്ല. അതിനെ നിയന്ത്രിക്കാൻ ആളുകളെയും വേണം. അങ്ങനെ രാജ്യത്തുടനീളം ഡ്രോൺ ഓപ്പറേറ്റർമാർക്കായി പ്രത്യേക പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചു. ഏതാനും ആഴ്ചകളുടെ പരിശീലനംകൊണ്ട് തന്നെ ഒരു സാധാരണ യുവാവിനെ ഡ്രോൺ പൈലറ്റാക്കി മാറ്റാനാകുമെന്ന് യുക്രെയ്ൻ തിരിച്ചറിഞ്ഞു. വീഡിയോ ഗെയിമുകളിലും സിമുലേഷൻ സാങ്കേതിക വിദ്യകളിലും പരിചയമുള്ള യുവാക്കൾ അതിവേഗം ഈ രംഗത്തേക്ക് എത്തി. ഒരു സാധാരണ സൈനികനെ പരിശീലിപ്പിക്കാൻ മാസങ്ങളോ വർഷങ്ങളോ വേണ്ടിവരുമ്പോൾ, ഒരു FPV ഡ്രോൺ പൈലറ്റിനെ വളരെ വേഗത്തിൽ യുദ്ധസജ്ജനാക്കാൻ സാധിച്ചു.
യുദ്ധതന്ത്രം മാറിമറിച്ചു
ഈ മാറ്റം യുദ്ധഭൂമിയിലെ തന്ത്രങ്ങളെയും പൂർണമായി മാറ്റിമറിച്ചു. മുമ്പു വലിയ സൈനിക യൂണിറ്റുകൾക്കു മാത്രം ലഭ്യമായിരുന്ന നിരീക്ഷണ ശേഷി ഇപ്പോൾ ചെറിയ സംഘങ്ങൾക്കു പോലും ലഭിച്ചു. മുന്നണിയിൽ ഒളിച്ചിരുന്ന ഒരു ചെറിയ സംഘം പോലും ആകാശത്തു പറക്കുന്ന ഡ്രോണിലൂടെ കിലോമീറ്ററുകൾ അകലെയുള്ള റഷ്യൻ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ തുടങ്ങി. ഒരു ബങ്കറിനുള്ളിൽ ഇരുന്ന സൈനികൻ സ്ക്രീനിലൂടെ യുദ്ധഭൂമി കാണുകയും ഏതാനും സെക്കൻഡുകൾക്കുള്ളിൽ ആക്രമണം നടത്തുകയും ചെയ്യുന്ന പുതിയ യുദ്ധരീതികൾ രൂപപ്പെട്ടു.
പ്രതിരോധം ശക്തം
ഡ്രോൺ നിർമിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഡ്രോണിനെ തടയാനുള്ള സാങ്കേതിക വിദ്യയും. കാരണം യുദ്ധം നീണ്ടുനിന്നതോടെ റഷ്യയും ഷഹീദ് കമികാസി ഡ്രോണുകൾ ഉൾപ്പെടെയുള്ള ഡ്രോൺ ആക്രമണങ്ങൾ അതിവേഗത്തിൽ ശക്തമാക്കുകയായിരുന്നു. ഇതോടെയാണ് യുക്രൈൻ ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ, സിഗ്നൽ ജാമറുകൾ, ആന്റി ഡ്രോൺ ഗണുകൾ, റഡാർ സാങ്കേതിക വിദ്യകൾ, ഡ്രോൺ ട്രാക്കിംഗ് സോഫ്റ്റ്വെയറുകൾ എന്നിവയുടെ വികസനത്തിലേക്കു ശക്തമായി തിരിഞ്ഞത്.
റഷ്യൻ ഡ്രോണുകളുടെ സിഗ്നലുകൾ തടസപ്പെടുത്താനും ജിപിഎസ് സംവിധാനങ്ങളെ കുഴക്കാനും ഡ്രോണുകളെ വഴിതെറ്റിക്കാനും കഴിയുന്ന സംവിധാനങ്ങൾ അവർ വികസിപ്പിച്ചു. ചില മേഖലകളിൽ ആർട്ടിഫിഷൽ ഇന്റലിജൻസും ഉപയോഗിച്ചു തുടങ്ങി. ഏതാനും സെക്കൻഡുകൾക്കുള്ളിൽ ആകാശത്തു പറക്കുന്ന ഒരു ചെറിയ ഡ്രോണിനെ തിരിച്ചറിഞ്ഞ് അതിന്റെ ദിശ കണ്ടെത്തി ആക്രമണം നടത്താൻ കഴിയുന്ന സംവിധാനങ്ങൾ വരെ യുദ്ധഭൂമിയിൽ എത്തി.
അമേരിക്ക പോലും പഠിക്കുന്നു
ഇന്ന് അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ യുക്രൈൻ യുദ്ധഭൂമി അനുഭവങ്ങളിൽനിന്ന് പഠിക്കുകയാണ്. ചില റിപ്പോർട്ടുകൾ പ്രകാരം അമേരിക്കൻ പ്രതിരോധ സ്ഥാപനങ്ങൾ പോലും യുക്രെയ്ൻ വികസിപ്പിച്ച ഡ്രോൺ സാങ്കേതിക വിദ്യകളും ഡ്രോൺ പ്രതിരോധ സംവിധാനങ്ങളും പഠനത്തിനും സഹകരണത്തിനുമായി പരിഗണിക്കുന്നുണ്ട്.
ഒരു കാലത്ത് ആയുധങ്ങൾക്കായി പാശ്ചാത്യ രാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഒരു രാജ്യം ഇന്ന് ആ രാജ്യങ്ങളെത്തന്നെ പുതിയ യുദ്ധപാഠങ്ങൾ പഠിപ്പിക്കുന്ന സ്ഥിതിയിലേക്കു മാറിയിരിക്കുന്നത്. യുദ്ധത്തിന്റെ ചാരത്തിൽനിന്ന് ഉയർന്ന ആ ഡ്രോൺ വിപ്ലവം ഇനി യുക്രൈനിന്റെ മാത്രം കഥയല്ല. ഭാവിയിലെ എല്ലാ യുദ്ധങ്ങളുടെയും മുഖം എങ്ങനെയായിരിക്കുമെന്ന് ലോകത്തോടു പറയുന്ന മുന്നറിയിപ്പാണ്.
Kerala
കോട്ടയം: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ സന്ദര്ശനത്തോടനുബന്ധിച്ച് വ്യോമ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ട്, മാമ്മന് മാപ്പിള ഹാള് എന്നിവയുടെ വ്യോമ പരിധിയിലും ജില്ലയിലെ ഹെലിപ്പാഡുകളിലും മേയ് 31ന് പുലര്ച്ചെ 12 മുതല് 24 മണിക്കൂര് ഹെലികോപ്റ്ററുകളും ഡ്രോണുകളും മൈക്രോലൈറ്റ് എയര്ക്രാഫ്റ്റുകളും യുഎവികളും മറ്റ് ഉപകരണങ്ങളും പറത്തുന്നതിന് നിരോധം. ജില്ലാ കളക്ടര് ആണ് ഉത്തരവിട്ടത്.
വ്യോമ സേനയ്ക്കും എസ്പിജിക്കും സംസ്ഥാന പോലീസിനും ഉപരാഷ്ട്രപതിയുടെ സന്ദര്ശനവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി നിയോഗിക്കപ്പെട്ടിട്ടുള്ള മറ്റ് ഏജന്സികള്ക്കും നിരോധനം ബാധകമല്ല.
ഹെലികോപ്റ്ററുകളോ നിരോധന പരിധിയില് വരുന്ന മറ്റ് ഉപകരണങ്ങളോ അടിയന്തര സാഹചര്യത്തില് പറത്തേണ്ടതുണ്ടെങ്കില് ജില്ലാ കളക്ടറുടെ മുന്കൂര് അനുമതി വാങ്ങണം. ഉത്തരവ് ലംഘിക്കുന്നവര്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര് അറിയിച്ചു.
International
മനാമ: പശ്ചിമേഷ്യാ യുദ്ധം ആരംഭിച്ചശേഷം ഇറാൻ തൊടുത്ത 453 ഡ്രോണുകളും 188 മിസൈലുകളും വെടിവച്ചിട്ടതായി ബഹ്റിൻ ഇന്നലെ അറിയിച്ചു.
അമേരിക്കയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനം ബഹ്റിനിലാണ്. ഇറേനിയൻ ആക്രമണത്തിൽ ഇവിടുത്തെ ഏഴു കെട്ടിടങ്ങളെങ്കിലും നശിച്ചുവെന്നാണ് റിപ്പോർട്ട്.
ഇതിനിടെ, ഇറാൻ യുദ്ധത്തിന്റെ ആദ്യ ആഴ്ച തന്നെ 3300 പേർ മരിച്ചെന്നും 30,000 പേർക്കു പരിക്കേറ്റെന്നും ലോകാരോഗ്യ സംഘടനാ കിഴക്കൻ മെഡിറ്ററേനിയൻ വിഭാഗം മേധാവി ഹന്ന ബാൾക്കി അറിയിച്ചു. 43 ലക്ഷം പേർ അഭയാർഥികളായി.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളത്തിന് നേരെയുണ്ടായ നടന്ന ഡ്രോൺ ആക്രമണത്തിൽ വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചു.
ശനിയാഴ്ച പുലർച്ചെയാണ് സംഭവമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വിമാനത്താവളത്തിലെ റഡാർ ഇൻഫ്രാസ്ട്രക്ചറിന് കേടുപാടുകൾ സംഭവിച്ചതായി ഡിജിസിഎ വക്താവ് അബ്ദുള്ള അൽ രാജി പ്രസ്താവനയിൽ അറിയിച്ചു.
ബന്ധപ്പെട്ട സുരക്ഷാ ഏജൻസികളുമായി ചേർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായും സിവിൽ ഏവിയേഷൻ അറിയിച്ചു. വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിൽ സംഭവിച്ച ഈ ആക്രമണം അധികൃതർ ഗൗരവമായാണ് കാണുന്നത്.
അതിനിടെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് ഡ്രോണുകൾ വെടിവച്ചിട്ടതായി നാഷണൽ ഗാർഡ് വ്യക്തമാക്കി. കുവൈറ്റ് ആർമി, നാഷണൽ ഗാർഡ്, പോലീസ്, ഫയർ ഫോഴ്സ് എന്നിവർ ഏകോപനത്തോടെ അതീവ കാര്യങ്ങൾ നിയന്ത്രിച്ചു വട്ടികയാണ്.
രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്ന ഏത് വെല്ലുവിളിയെയും ശക്തമായി നേരിടുമെന്ന് നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദ്ആൻ അൽ ഫദൽ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: അതിസങ്കീർണ പ്രശ്നബാധിത ബൂത്തുകളിൽ ഡ്രോണ് നിരീക്ഷണം ഏർപ്പെടുത്താൻ തെരഞ്ഞെടുപ്പു കമ്മീഷൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ടിനും ബൂത്തു പിടിത്തത്തിനും സാധ്യതയുള്ള പ്രദേശങ്ങളിലാണ് ഡ്രോണ് നിരീക്ഷണം ഏർപ്പെടുത്താൻ ആലോചിക്കുന്നത്.
ജില്ലാ വരണാധികാരികളായ ഒട്ടേറെ കളക്ടർമാർ ഡ്രോണ് നിരീക്ഷണം വേണമെന്ന ആവശ്യം തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഡ്രോണ് നിരീക്ഷണം ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രശ്നബാധിത ബൂത്തുകളിൽ നടപ്പാക്കുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. കേൽക്കർ ’ദീപിക’ യോടു പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കാൻ 30 കന്പനി കേന്ദ്രസേനയാണ് കേരളത്തിൽ എത്തുന്നത്. ഏതാണ്ട 2500 കേന്ദ്രസേനാംഗങ്ങൾ കേരളത്തിന്റെ സുരക്ഷാ ചുമതലയിലുണ്ടാകും.
കേന്ദ്രസായുധ സേനയുടെ നോഡൽ ഓഫിസറെയും നിശ്ചിച്ചു. തെരഞ്ഞെടുപ്പു പ്രഖ്യാപനമുണ്ടായി അടുത്ത ദിവസങ്ങളിൽ തന്നെ കേന്ദ്രസേനയുടെ ആദ്യ കന്പനികൾ കേരളത്തിലെത്തും.
എല്ലാ ബൂത്തുകളിലും ഇത്തവണ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശം. പ്രശ്നബാധിത ബൂത്തുകളിൽ ലൈവ് ടെലികാസ്റ്റിംഗ്, സിസിടിവി നിരീക്ഷണം തുടങ്ങിയവയുമുണ്ടാകും.
കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പ്രശ്നബാധിത ബൂത്തുകളുള്ളത്. കേന്ദ്രസേനയെ കൂടാതെ സംസ്ഥാന പോലീസിന്റെ സേവനവും സുരക്ഷയ്ക്കായി ഒരുക്കും.
International
മുംബൈ: അമേരിക്ക-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമായിത്തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിനു സമീപം 34 ജീവനക്കാരുമായി ഇന്ത്യൻ എൽപിജി കപ്പൽ കുടുങ്ങി. ക്യാപ്റ്റൻ വീരേന്ദ്ര വിശ്വകർമയുടെ നേതൃത്വത്തിലുള്ള കൂറ്റൻ ടാങ്കറിൽ 36 ലക്ഷം ഗാർഹിക സിലിണ്ടറുകൾക്ക് ആവശ്യമായ പാചകവാതകമാണുള്ളത്. മിസൈലുകളും ഡ്രോണുകളും കപ്പലിനു മുകളിലൂടെ നിരന്തരം പറക്കുന്നതു ജീവനക്കാരെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
കുവൈറ്റിലെ മിന അൽ അഹമ്മദിയിൽനിന്ന് ഗുജറാത്തിലെ ദീൻദയാൽ കണ്ട്ല തുറമുഖത്തേക്കു പുറപ്പെട്ടതാണ് കപ്പൽ. ഫെബ്രുവരി 28 മുതൽ സമുദ്രപാതയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടർന്നു കപ്പലിനു യാത്ര തുടരാനായിട്ടില്ല. നിലവിൽ യുഎഇയ്ക്കു സമീപമുള്ള മിന സഖർ തുറമുഖ മേഖലയിൽ നങ്കൂരമിട്ടിരിക്കുകയാണ് കപ്പൽ. ഇന്ത്യൻ നാവികസേനയുടെ സുരക്ഷാ അകമ്പടി ലഭിച്ചാൽ മാത്രമേ തങ്ങൾക്കു സുരക്ഷിതമായി മടങ്ങാൻ കഴിയൂ എന്നു ക്യാപ്റ്റൻ വിശ്വകർമ സന്ദേശത്തിലൂടെ അറിയിച്ചു.
"മിസൈലുകളും ഡ്രോണുകളും ഞങ്ങളുടെ തലയ്ക്കുമുകളിലൂടെയാണു പായുന്നത്. എങ്ങും സൈറൺ മുഴങ്ങുന്നു. ഏതു നിമിഷവും എന്തും സംഭവിക്കാം എന്ന അവസ്ഥയിലാണ് ഞങ്ങൾ...' ക്യാപ്റ്റൻ അയച്ച സന്ദേശത്തിൽ പറയുന്നു.
കപ്പലിൽ 60 ദിവസത്തേക്കുള്ള അവശ്യസാധനങ്ങൾ മാത്രമാണുള്ളത്. ഇന്റർനെറ്റ് ഇല്ലാത്തതിനാൽ നാട്ടിലെ കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്താനും കപ്പൽ ജീവനക്കാർക്കു സാധിക്കാത്ത സാഹചര്യമാണുള്ളത്.
NRI
കുവൈറ്റ് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിൽ ഇറാനിൽ നിന്ന് കുവൈറ്റിലേക്ക് വന്നത് 14 മിസൈലുകളും 12 ഡ്രോണുകളുമാണെന്ന് കുവൈറ്റ് സൈന്യം വ്യക്തമാക്കി. 12 ഡ്രോണുകളും സൈന്യം നിവീര്യമാക്കി.
14 മിസൈലുകൾ വന്നതിൽ 12 എണ്ണം നിർവീര്യമാക്കുകയും രണ്ട് എണ്ണം അപകട മേഖലകൾക്ക് പുറത്തേക്ക് പതിക്കുകയും ചെയ്തു. ആളപായങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും സൈനിക വൃത്തങ്ങൾ പറഞ്ഞു.
National
ന്യൂഡൽഹി: ഡ്രോൺ യുദ്ധമുറകളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഇന്ത്യ. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ചിലവിൽ നിർമിക്കാവുന്നതും എന്നാൽ അതീവ മാരകവുമായ 'ശേഷനാഗ് 150' എന്ന സ്വദേശി ഡ്രോൺ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇറാന്റെ ഷഹീദ്-136 ഡ്രോണുകളേക്കാൾ കരുത്തും അമേരിക്കൻ സാങ്കേതികവിദ്യയോട് കിടപിടിക്കുന്ന കൃത്യതയും ഈ പുതിയ ഡ്രോണിനുണ്ടെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ.
ബെംഗളൂരു ആസ്ഥാനമായുള്ള 'ന്യൂസ്പേസ് റിസർച്ച് ആൻഡ് ടെക്നോളജീസ്' എന്ന സ്റ്റാർട്ടപ്പാണ് ഈ അത്യാധുനിക ഡ്രോൺ വികസിപ്പിച്ചെടുത്തത്. ശത്രുവിന്റെ റഡാർ സംവിധാനങ്ങളെയും എയർ ഡിഫൻസിനെയും കബളിപ്പിച്ച് കൂട്ടത്തോടെ ആക്രമിക്കാൻ (സ്വാം അറ്റാക്ക്) ശേഷിയുള്ളവയാണ് ഇവ. 1,000 കിലോമീറ്ററിൽ കൂടുതൽ ദൂരെയുള്ള ലക്ഷ്യസ്ഥാനങ്ങളെ തകർക്കാൻ ശേഷിയുള്ളവയാണ് ശേഷനാഗ് ഡ്രോണുകൾ.
അഞ്ച് മണിക്കൂറിലധികം തുടർച്ചയായി ആകാശത്ത് തങ്ങിനിൽക്കാൻ ഇതിന് സാധിക്കും. 25 മുതൽ 40 കിലോഗ്രാം വരെ ഭാരമുള്ള സ്ഫോടകവസ്തുക്കൾ വഹിക്കാൻ ശേഷനാഗ് ഡ്രോണുകൾക്ക് ശേഷിയുണ്ട്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ, മനുഷ്യസഹായം കൂടാതെ തന്നെ ശത്രുവിനെ കണ്ടെത്തി ആക്രമിക്കാൻ ഇവയ്ക്ക് കഴിയും.
അമേരിക്കയുടെ 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'യിൽ ഉപയോഗിക്കുന്ന അത്യാധുനിക ഡ്രോണുകളോട് താരതമ്യം ചെയ്യാവുന്ന നിലവാരമാണ് ശേഷനാഗ് 150 നുള്ളത്. പാകിസ്ഥാന്റെയും ചൈനയുടെയും അതിർത്തികളിൽ ഇന്ത്യയുടെ പ്രതിരോധ കവചമായി ശേഷനാഗ് 150 മാറുമെന്നാണ് സൈന്യം പ്രതീക്ഷിക്കുന്നത്.
International
മോസ്കോ: കസാക്കിസ്ഥാനിൽനിന്നും റഷ്യയിൽനിന്നും എണ്ണ കയറ്റുമതി ചെയ്യുന്ന കാസ്പിയൻ പൈപ്പ്ലൈൻ കൺസോർഷ്യം (സിപിസി) ടെർമിനലിനു സമീപം രണ്ട് എണ്ണ ടാങ്കറുകൾക്കു നേരേ ഡ്രോൺ ആക്രമണമുണ്ടായി.
ഗ്രീക്ക് കന്പനികളുടെ ഉടമസ്ഥതയിലുള്ള ഡെൽറ്റ ഹാർമണി, മെറ്റിൽഡ എന്നീ കപ്പലുകൾ ടെർമിനലിൽനിന്ന് എണ്ണ കയറ്റാനെത്തുന്പോഴായിരുന്നു സംഭവം. രണ്ടു കപ്പലുകൾക്കും കാര്യമായ തകരാറില്ല. ആളപായവും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഡെൽറ്റ ഹാർമണി കപ്പലിൽ ചെറിയ തീപിടിത്തം ഉണ്ടായതായി റിപ്പോർട്ടുണ്ട്. മെറ്റിൽഡയിൽ രണ്ടു ഡ്രോണുകൾ പതിച്ചതായി സ്ഥിരീകരിച്ചു.
റഷ്യയിലെ നൊവ്റോസീസ്ക് തുറമുഖത്തിനു സമീപം സ്ഥിതിചെയ്യുന്ന സിപിസി ടെർമിനൽ ആഗോള വിപണിയിലേക്ക് എണ്ണ എത്തിക്കുന്ന പ്രധാന കേന്ദ്രമാണ്. ടെൽമിനലിൽ എത്തുന്ന 80 ശതമാനം എണ്ണയും കസാക്കിസ്ഥാനിൽനിന്നാണ്.
District News
കൊല്ലം: ആനയടി പഴയിടം ശ്രീനരസിംഹ സ്വാമിക്ഷേത്രത്തില് 20ന് നടക്കുന്ന ഉത്സവത്തോടനുബന്ധിച്ചു സുരക്ഷാക്രമീകരണങ്ങള് ഉറപ്പാക്കുമെന്ന് എഡിഎം ജി. നിര്മല്കുമാര് ചേമ്പറില് ചേര്ന്ന യോഗത്തില് അറിയിച്ചു. മുന്നൊരുക്കങ്ങള് വിലയിരുത്തുന്നതിനു ചേര്ന്ന യോഗത്തില് എഴുന്നള്ളത്ത് സമയങ്ങളില് ആനകള് തമ്മില് കൃത്യമായ അകലം വേണമെന്നും നാട്ടാന പരിപാലനചട്ടം കര്ശനമായി പാലിക്കണമെന്നും നിര്ദേശിച്ചു. ആനയുടെ അടുത്ത് പോപ്പറുകള്, പടക്കം തുടങ്ങിയവ ഉപയോഗിക്കരുത്.
ഉത്സവപരിസരത്ത് ഡ്രോണ് പറത്തുന്നത് അനുവദിക്കില്ല. ആനകളുടെ പൂര്ണ വിവരങ്ങള് സോഷ്യല് ഫോറസ്ട്രി വകുപ്പിനു സംഘാടകര് കൈമാറണം. ഗതാഗത നിയന്ത്രണം, ക്രമസമാധാനപരിപാലനം പോലീസ് ഉറപ്പാക്കും. രണ്ടു കിലോമീറ്റര് ചുറ്റളവിലുള്ള പ്രദേശങ്ങള് ഉത്സവമേഖലയായി പ്രഖ്യാപിക്കും.
ഉത്സവശേഷം മാലിന്യങ്ങള് ശാസ്ത്രീയമായി സംസ്കരിക്കാന് ഏജന്സികള്ക്കു കൈമാറണം. ആംബുലന്സ് സേവനവും പ്രഥമശുശ്രൂഷാ സംവിധാനവും സജ്ജമാക്കും. മദ്യം, നിരോധിത ലഹരി ഉത്പന്നങ്ങള് എന്നിവയുടെ വില്പന തടയുന്നതിന് ഉത്സവദിവസം ഡ്രൈഡേയായി പ്രഖ്യാപിക്കും.
ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില് പ്രത്യേക സ്ക്വാഡ് പ്രവര്ത്തിക്കും.
അടിയന്തരഘട്ടങ്ങളില് അഗ്നിരക്ഷാവകുപ്പിന്റെ വാഹനങ്ങള്, ആംബുലന്സുകള് എന്നിവയ്ക്കു സുഗമമായി സഞ്ചരിക്കാന് പ്രത്യേകപാത ഒരുക്കും. തയാറെടുപ്പുകള് വിലയിരുത്താന് നാളെ റവന്യൂ, പോലീസ്, വനം, ക്ഷേത്രഭരണസമിതി അംഗങ്ങള് എന്നിവരുടെ പ്രത്യേകയോഗം ചേരാനും തീരുമാനിച്ചു.
NRI
ബെർലിൻ: അജ്ഞാത ഡ്രോണുകൾ വെടിവച്ചിടാൻ ജർമൻ പോലീസിന് അധികാരം നല്കുന്നു. ജർമൻ മന്ത്രിസഭ ഇതിനുള്ള നിയമം അംഗീകരിച്ചു. ഇനി പാർലമെന്റിൽ പാസാകണം. യൂറോപ്യൻ രാജ്യങ്ങളിൽ അജ്ഞാത ഡ്രോണുകൾ പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തിലാണു നീക്കം.
കഴിഞ്ഞ വെള്ളിയാഴ്ച ഇത്തരം സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജർമനിയിലെ മ്യൂണിക് വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെടുകയും പതിനായിരം യാത്രക്കാർ കുടുങ്ങുകയുമുണ്ടായി.
ഡെന്മാർക്ക്, ബെൽജിയം രാജ്യങ്ങളിലും അജ്ഞാതഡ്രോണുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. സംഭവത്തിനു പിന്നിൽ റഷ്യ ആണെന്നു സംശയിക്കുന്നതായി ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർസ് അഭിപ്രായപ്പെട്ടിരുന്നു.
ഭീഷണി മറികടക്കാനായി ഡ്രോണുകളെ കണ്ടെത്താനും നശിപ്പിക്കാനും സഹായിക്കുന്ന സെൻസറുകളും സംവിധാനങ്ങളും ഉപയോഗിച്ച് പ്രത്യേക മതിൽ സ്ഥാപിക്കണമെന്നു യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയ്ൻ ആവശ്യപ്പെട്ടിരുന്നു.
NRI
വത്തിക്കാൻ സിറ്റി: മനുഷ്യസാഹോദര്യത്തെക്കുറിച്ചുള്ള വത്തിക്കാനിൽ സംഘടിപ്പിച്ച ലോക സമ്മേളനവും ഇതിനു സമാപനം കുറിച്ചു നടന്ന ‘ഗ്രേസ് ഫോർ ദ് വേൾഡ്’ എന്ന സംഗീത പരിപാടിയും ഡ്രോൺ ഷോയും ശ്രദ്ധേയമായി.
രണ്ടു ദിവസത്തെ മനുഷ്യസാഹോദര്യ സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നൊബേൽ പുരസ്കാര ജേതാക്കൾ, അക്കാദമിക് വിദഗ്ധർ, സാംസ്കാരിക നേതാക്കൾ, സാങ്കേതിക-പരിസ്ഥിതി വിദഗ്ധർ എന്നിവരുൾപ്പെടെ അഞ്ഞൂറോളം പേർ പങ്കെടുത്തു.
15 പാനലുകളിലായി നടന്ന സംവാദത്തിൽ സമാധാനം, ഗ്രഹത്തോടുള്ള കരുതൽ, സാങ്കേതികവിദ്യയുടെ ആഘാതം, മാനവികതയുടെ ഭാവി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. സാർവത്രിക സാഹോദര്യത്തിനും സംസ്കാരങ്ങൾ തമ്മിലുള്ള സംവാദത്തിനും ആഗോള പ്രതിസന്ധി ഘട്ടങ്ങളിൽ പ്രത്യാശയ്ക്കുമുള്ള ആഹ്വാനം എന്നനിലയിലായിരുന്നു പരിപാടി നടത്തിയത്.
സമ്മേളനത്തിനു സമാപനം കുറിച്ചു ശനിയാഴ്ച രാത്രിയിൽ നടന്ന ‘ഗ്രേസ് ഫോർ ദ് വേൾഡ്’ എന്ന സംഗീത പരിപാടിയിൽ ലോകപ്രശസ്ത ഗായകൻ ആൻഡ്രിയ ബോചെല്ലിയും അമേരിക്കൻ ഗായിക ടെഡി സ്വിംസും ഗാനങ്ങൾ ആലപിച്ചു.
കൊളംബിയന് സൂപ്പര്സ്റ്റാര് കരോള് ജി, ആര് & ബി ഇതിഹാസം ജോണ് ലെജന്ഡ്, ഹിപ്-ഹോപ്പ് ടീമായ ക്ലിപ്സെ, പ്രശസ്ത ആഫ്രിക്കന് വോക്കലിസ്റ്റ് ആഞ്ചലിക് കിഡ്ജോ തുടങ്ങി നിരവധി പ്രമുഖര് സംഗീതപരിപാടിയിൽ പങ്കെടുത്തു.
ചരിത്രത്തിൽ ആദ്യമായാണു സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ സംഗീതവിരുന്ന് നടക്കുന്നത്. ഇതിനുശേഷമായിരുന്നു മൂവായിരത്തിലധികം ഡ്രോണുകൾ ബസിലിക്കയ്ക്കു മുകളിലായി അണിനിരന്ന് ആകാശത്ത് വർണക്കാഴ്ചയൊരുക്കിയത്.
മൈക്കലാഞ്ചലോയുടെ സുപ്രസിദ്ധമായ ‘ആദാമിന്റെ സൃഷ്ടി’യിലെ കൈകൾ, സമാധാനത്തിന്റെ പ്രതീകമായ പ്രാവ്, ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പ, സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ സ്ഥാപിച്ചിരിക്കുന്ന മൈക്കലാഞ്ചലോയുടെ പ്രശസ്തമായ മാർബിൾ ശില്പമായ പിയാത്താ രൂപം, ഫ്രാൻസിസ് മാർപാപ്പ ഏറെ വിലമതിച്ചിരുന്ന അദ്ദേഹത്തെ അടക്കം ചെയ്ത സെന്റ് മേരി മേജർ ബസിലിക്കയിലെ സാലുസ് പോപ്പുലി റൊമാനി രൂപം എന്നിവ മിന്നിത്തെളിഞ്ഞു.
ഓരോ ഡ്രോണ് വിന്യാസവും പൂര്ത്തിയാകുമ്പോള് നിറഞ്ഞ കൈയടിയോടെയാണു ജനക്കൂട്ടം ദൃശ്യവിസ്മയത്തെ വരവേറ്റത്. ഇതാദ്യമായാണു വത്തിക്കാനിൽ ഡ്രോൺ ഷോ നടക്കുന്നത്.
International
വാഴ്സ: വ്യോമമേഖലയിലേക്ക് കടന്നുകയറിയ നാല് റഷ്യൻ ഡ്രോണുകൾ പോളണ്ട് വെടിവച്ചിട്ടു. നാറ്റോ സഖ്യസേന, നെതർലൻഡ്സ് വ്യോമസേന എന്നിവരും തങ്ങൾക്കൊപ്പം ആക്രമണത്തിൽ പങ്കെടുത്തെന്ന് പോളണ്ട് പ്രധാനമന്ത്രി ഡോണൾഡ് ടസ്ക് പറഞ്ഞു.
ഇതാദ്യമായാണ് നാറ്റോസേന റഷ്യൻ ഡ്രോണുകളെ ആക്രമിക്കുന്നത്. റഷ്യയുടെ സഖ്യരാഷ്ട്രമായ ബെലാറൂസിൽനിന്നാണു പല ഡ്രോണുകളും വന്നതെന്നു പോളണ്ട് പറഞ്ഞു. റഷ്യയുമായി പോളണ്ടിന് നേരിട്ട് അതിർത്തിയില്ല. എന്നാൽ ബെലാറൂസും യുക്രെയ്നും പോളണ്ടിന്റെ അയൽരാജ്യങ്ങളാണ്.
റഷ്യൻ നീക്കം യാദൃച്ഛികമല്ലെന്നും മുൻകൂട്ടിയുള്ള പദ്ധതിപ്രകാരമാണെന്നും യൂറോപ്യൻ യൂണിയൻ വിദേശനയ സെക്രട്ടറി കയ കല്ലാസ് ആരോപിച്ചു. എന്നാൽ പോളണ്ടിലേക്ക് കടക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും യുക്രെയ്ന്റെ പ്രതിരോധകേന്ദ്രങ്ങൾ മാത്രമാണു ലക്ഷ്യംവച്ചതെന്നും റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു.